Skip to main content

Posts

Showing posts from March, 2011

ഇനി

ഇനി ക പ്പിനും ചുണ്ടിനുമിടയില്‍ വക്കുടഞ്ഞ ഒരു വാക്കില്‍ മുറിഞ്ഞകന്നതാണ് ഹൃദയങ്ങള്‍  ചോരവാര്‍ന്നൊലിച്ച  സ്നേഹം ശൂന്യതയില്‍ അലിഞ്ഞു പോയി  വീണ്ടെടുപ്പിന് പകരം വയ്ക്കാന്‍ വാക്കുകള്‍ക്കിനി ബാല്യമില്ല ! ഇനി  നമുക്കിടയിലെ അഗാധമൌനം കാലത്തിന്റെ  ഇരുളില്‍ കിടന്നു  പരസ്പരം മിണ്ടാതെ സ്വയം പ്രസരിക്കട്ടെ 

അകന്നുപോയവരോട് ....

എ ത്ര കഴുകി തുടച്ചിട്ടും പിന്നെയും പറ്റിപ്പിടിച്ചിരിക്കുന്നു ചില പാടുകള്‍ കൂട്ടില്‍  കിളി പറന്നകന്നിട്ടും   മായാത്ത   ഗന്ധം   പോലെ  ! പിരിയാന്‍ കൂട്ടാക്കാത്ത- യോ ര്‍ മ തന്‍  തൂവല്‍ പോലെ പറിച്ചെറിഞ്ഞാലും വരും ചിര ബന്ധനം പോലെ !   അറിയാം നമുക്ക് നാം പിരിയാന്‍ സന്ധിപ്പവര്‍   ഇടയില്‍ കാണും മാത്ര നേരത്തെയ്ക്കൊരു ബന്ധം ! ഇളവേല്‍ക്കാനൊരു തണല്‍  വെയില്‍ ചായും നേരം ഒറ്റയ്ക്ക് പോകേണ്ടവര്‍ ആരാണെനിക്ക് നീ ? ഓര്‍ക്കുകില്‍ ആരോ! എന്തോ ! ആരാകിലെന്താ നമ്മള്‍ അകലാന്‍ അടുത്തവര്‍ .. മുന്നിലായ്  മറഞ്ഞോര്‍ക്ക്  പിന്നാലെ  പോകേണ്ടവര്‍  ചിത്രം :അമേരിക്കന്‍ ചിത്രകാരനായ റോബര്‍ട്ട്  ഗില്‍മോറിന്റെ ബൈ ബൈ ബ്ലാക്ക് ബേര്‍ഡ്

വന്‍കരകള്‍ ഉണ്ടായാല്‍ ....

ഞാനോര്‍ക്കാറുണ്ട്  വന്‍കരകളെല്ലാം ഒന്നായലിഞ്ഞു ചേര്‍ന്ന  ഒരൊറ്റ ഭൂ ഖണ്ഡമായിരുന്നു  നമ്മളെന്ന്  ! അനാദിയില്‍ ലോകവും  അങ്ങനെയായിരുന്നത്രേ ! എല്ലാ നദികളും  നമ്മളില്‍ നിന്നുല്ഭവിച്ച്  നമ്മളില്‍ തന്നെ  ഒഴുകി നിറഞ്ഞു ..  എല്ലാ ഋതുക്കളും  നമ്മളില്‍  പൂത്തുലഞ്ഞു  ! അത്രമേല്‍  ദൃഢ മായ്  പുണര്‍ന്നിട്ടും    പ്രണയം നുകര്‍ന്നിട്ടും പിന്നെങ്ങിനെ പ്രിയേ ? സ്വാര്‍ത്ഥം  സ്പര്‍ദ്ധയുടെ  വാള്‍മുനകള്‍ വീശി  മിന്നല്‍പ്പിണരായി  നമുക്കിടയില്‍ ആഴ്ന്നിറങ്ങിയത് ?  വിദൂരസ്ഥമാം  വന്‍ കരങ്ങളായി  നാമന്യോന്യമൊഴുകിയകന്നത്  ? നാമുണരുമ്പോള്‍ നമുക്കിടയില്‍  വന്‍ കടലുകള്‍  ആര്‍ത്തലച്ചിരുന്നു...!! കല്‍പ്പാന്ത കാലം  കലി  പൂണ്ടുണര്‍ന്നിരുന്നു   !! ഈ  പ്രളയ ജലത്തിന്  ഹൃദയ രക്തത്തിന്റെ   ചുവപ്പോ  ! വിരഹ ദുഖത്തിന്റെ  കടും കയ്പ്പോ    ! നോക്കൂ.. വന്‍ കരകള്‍ ഉണ്ടായപ്പോളാണ്  പ്രപഞ്ച പ്രണയം   കടലെടുത്തത് ..! നാം  നമ്മള്‍ക്കാരായിരുന്നു     എന്നറിയാതെ പോയത് !