Saturday

ഉത്തരം


ഉത്തരത്തിലെ പല്ലിയും
ഉത്തരം മുട്ടി പറക്കുന്ന  
പ്രാണിയും..
ഒരേ സമയം ദൈവമേ
എന്ന് പ്രാര്‍ത്ഥിച്ചു കൊണ്ടാണ്‌
ഇര തേടാനിറങ്ങിയത്
കളി കാണുകയായിരുന്നു
ഞാനും മകനും
ദൈവത്തിന്റെ ചിത്രത്തിന്
പിന്നില്‍ പ്രാണന്‍ തൊണ്ടയില്‍
കുരുങ്ങുന്ന
നിലവിളി കേട്ട്
മകന്‍ ചോദിച്ചു
ആരാണച്ചാ ജയിച്ചത്‌
പല്ലിയോ ?പ്രാണിയോ? ദൈവമോ ?
ഞാനെന്തു ഉത്തരം നല്‍കും ?
അവനു കളി മനസിലായോ എന്തോ!

Wednesday

നഷ്ടപ്പെടുന്ന നമ്മള്‍

നഷ്ടപ്പെടുന്ന നമ്മള്‍
കാശം എനിക്ക് അച്ഛനെ പോലെയാണ്
അനന്തമായ സ്നേഹം പകര്‍ന്നു തരുന്ന
അപൂര്‍വ ഭാഗ്യം
അറിവുകളുടെ മുറിവ് പെയ്യിക്കുന്ന
വര്‍ഷ മേഘങ്ങളുടെ ഇരിപ്പിടം
എന്‍റെ ജീവ സ്പന്ദനങ്ങളില്‍
ഊര്‍ജം പകര്‍ന്ന കര്‍മ സാക്ഷി
കടല്‍ എനിക്ക് അമ്മയെ പോലെയാണ്
കനല്‍ വഴികളില്‍ കണ്ണീരു കൊണ്ടു
പാദങ്ങള്‍ തണുപ്പിച്ച
വാത്സല്യ സ്പര്‍ശം
ഉഷ്ണ ഭൂമികളില്‍ വെന്തു പൊള്ളുന്ന
ആത്മാവിനെ
തിര കൈ നീട്ടി തഴുകുന്ന
അമൃത സാന്ത്വനം
ഇരുള്‍ മറകളില്‍ ആളിപ്പിടിച്ച
പാപാഗ്നികളെ കഴുകി കെടുത്തുന്ന
പുണ്യ സ്നാനം
കടലാഴങ്ങളും തമോ ഗര്‍ത്തങ്ങളും
താണ്ടി വന്ന ഞാനോ ?
എന്നില്‍ സദാ കൂരിരുള്‍ നിറയ്ക്കുന്ന
അമാവാസി !
കണ്ണുകള്‍ പുണ്യാഹം തളിക്കുന്ന
വഴിയമ്പലങ്ങളില്‍
ദൈവങ്ങളുടെ നിലവിളികളും കടന്നു
ഞാന്‍ കേട്ടത് ആരുടെ
സങ്കീര്‍ത്തനം ആണ് ?
നിലാവും വേനല്‍ പകരുന്ന
ഉഷ്ണ രാത്രികളില്‍
എനിക്കായി ഒരു മണ്‍ വിളക്ക്
കെടാതെ വച്ചത് ആരാണ് ?
കാറ്റോ ,കടലോ ,ആകാശമോ ?
എങ്കിലും
വെളിച്ചവും വെളിപാടുകളും അറിയാതെ
അകം പുറം ഇരുട്ട് !
ഇനി ഇന്നലെകളെ മായ്ച്ചു കളയേണ്ട കാലമാണ് !
കടലും ആകാശവും കാറ്റും നഷ്ടപ്പെടുന്ന കാലം !
നാം നമ്മെ   പരസ്പരം നഷ്ടപ്പെടുത്തുന്ന കാലം !!

Monday

തീരാത്ത യാത്ര


തീരാത്ത യാത്ര
രാത്രിയില്‍ ഏകാന്തമീ അടഞ്ഞ മുറിക്കുള്ളില്‍
പോയ കാലത്തെ ഓര്‍ത്ത്‌ വെറുതെ ഇരിക്കും ഞാന്‍
വാര്‍മുടി അഴിച്ചിട്ട കാര്‍മുകില്‍ കെട്ടിന്നുള്ളില്‍
ഖിന്നയായ് ചിരിക്കും  ഒരേക താരകം പോലെ!

മരുഭൂമികള്‍ താണ്ടി എത്തുന്ന കനല്‍ കാറ്റും
മെഹ്ദി ഹസന്‍ പാടും ഗസലിന്‍ വിലാപവും
നേര്‍ത്ത മൌനത്തിന്റെ ചില്ല് കോട്ടകള്‍ ക്കുള്ളില്‍
തപ്തമെന്‍ മനസിനെ വിഫലം ബന്ധിക്കുന്നു !
പിന്നെയും അടങ്ങാതെ കാലമാം പ്രവാഹത്തില്‍
പിന്നിലേക്കോടി പായും പ്രജ്ഞ തന്‍ പരാക്രമം
നേട്ട കോട്ടങ്ങള്‍ തൂങ്ങും തുലാസിന്‍ തട്ട് താനേ
താഴ്ന്നു പൊങ്ങുന്നു വീണ്ടും താഴേയ്ക്ക് പതിക്കുന്നു

നന്മയോ നേട്ടം? ചെയ്ത തിന്മതന്‍ ഫലങ്ങളോ?
വേറിട്ട്‌ ഗ്രഹിക്കുവാന്‍ കഴിയുന്നീലെനിക്കിന്നും !
ചിലപ്പോള്‍ തോന്നും മണ്ണില്‍ ഞാനാണ് *വിജിഗീഷു
ചിലപ്പോള്‍ നിര്ഭാഗ്യത്തിന്‍ പരകോടി യാണെന്നും !
എത്രയോ കാതം താണ്ടി തളര്ന്നോന്നിരിക്കുമ്പോള്‍
മുന്നിലായ് തെളിയുന്നു... കാലമാം  കൊടും വഴി !!
-----------------------------------------------------------------------------------------------------------
പദ സൂചന : ഖിന്നയായ്  =ദുഖിതയായ്   //വിജിഗീഷു =വിജയി //മെഹദി ഹസന്‍ =വിഖ്യാത ഉര്‍ദു ഗസല്‍ ഗായകന്‍   

Saturday

പ്രതീക്ഷ

യമായിരുന്നു !
ഇരുളിനെ,
കുട്ടിക്കാലത്ത് .....
കറുത്ത ഭൂതങ്ങള്‍ പോല്‍ 
ദംഷ്ട്ര കാട്ടി ചിരിച്ച -
അമാവാസികളെ.,
ഭയമായിരുന്നു !.

അഭയം നല്‍കാന്‍ 
അരികില്‍ ഇല്ലായിരുന്നു
അമ്മ നീട്ടും  വെളിച്ചം 

ചേര്‍ന്ന് നില്‍ക്കാന്‍ 
കൂടെയില്ലായിരുന്നു 
അച്ഛനാകും 
വിരല്‍ത്തുമ്പ്...

രാത്രികളില്‍
അസ്ഥിത്തറയില്‍ 
കാറ്റത്ത്‌
ആടിയുലഞ്ഞ 
തിരിനാളം പോലെ
മിന്നാമിന്നികള്‍.

ഇരുളിന്റെ 
കരുതലറ്റ...
കണ്‍ചിമ്മല്‍ .

പോളകെട്ടിയ 
ബാല്യവും ..
നിറം കെട്ട കൌമാരവും 

മൃദുല  സ്വപ്‌നങ്ങള്‍ 
തീരും മുന്‍പേ
കൈ പിടിച്ചവന്‍ 
നടതള്ളിയത്‌
ദുരിതങ്ങളുടെ 
മണിയറയില്‍
 
വിയര്‍പ്പു നാറുന്ന 
രാത്രികള്‍
തീവണ്ടികള്‍ പോലെ 
ഇരുളിന്റെ പാളങ്ങളിലൂടെ 
ഇട നെഞ്ച് കീറി 
അലറി  പായുന്നുണ്ട്‌ ...

അറപ്പിന്റെ
ചെളി വരമ്പിലുടെ
ഭയങ്ങളുടെ 
രാപകല്‍ ഇല്ലാത്ത 
കയറ്റിറക്കങ്ങള്‍ .

ഇങ്ങനെയും 
ജീവിതം
സ്വയം മുഴുകുന്നു 
ചില പരീക്ഷണങ്ങളില്‍ !
വിരലെണ്ണം
പോരാതെ വരുന്ന 
നഷ്ടങ്ങളുടെ
കണക്കെടുപ്പിലും 
ഒരു പ്രതീക്ഷ 
തിരിനീട്ടുന്നു 

അകലെയെവിടെയോ 
വെളിച്ചമുണ്ട് ..
വലയവും
വിലയവും 
അവിടെയുണ്ട് ..

Tuesday

മരുഭൂമികള്‍ ആകാശത്തോട് പറഞ്ഞത്


ഇറുകെ പുണര്‍ന്നു നില്‍ക്കുന്ന
ആകാശത്തോട്
മരുഭൂമികള്‍ മന്ത്രിക്കുന്നത്
എന്താവും ?
ഒരിക്കല്‍ എങ്കിലും
സ്നേഹമാരി പെയ്യിച്ച്
എന്റെയീ നീച ജന്മം
സഫലമാക്കണം എന്നോ ?
മാറില്‍ ചൂഴ്ന്നു കത്തുന്ന
തീഷ്ണ സൂര്യനെ
മേഘ കമ്പിളി കൊണ്ടു
എത്ര മറച്ചു പിടിച്ചാലും
പെയ്തു നിറയ്ക്കനാവുമോ
ഈ ഊഷര വനങ്ങള്‍
അതുകൊണ്ടു തന്നെയാവണം
നീലാംബരത്തിനു
ഈ ദീര്‍ഘ മൌനം
തഴുകി തലോടി നില്‍ക്കുന്ന
ആകാശത്തോട്
സാഗരങ്ങള്‍ ആര്‍ത്തലച്ചത്
എന്തിനാവും ?
ഒരിക്കലെങ്കിലും
എന്‍റെ അന്തര്‍ ദാഹങ്ങള്‍ക്ക്
വസുന്ധരയുടെ ഗര്‍ഭ ഗൃഹങ്ങളില്‍
അഭയം നല്‍കണം
എന്ന് പറയാനോ ?
വന്‍കരകള്‍ കടലെടുത്താലും
കരഞ്ഞും ചിരിച്ചും തീര്‍ക്കാനാകുമോ
ഉയിരില്‍ നുരയിടുന്ന
ഈ വന കാമനകള്‍ !!!
അത് കൊണ്ടു തന്നെയാവണം
ശോനാന്മ്ബരത്തിനു
ഈ ദീര്‍ഘ മൌനം !!!
Published in Manorama ഓണ്‍ലൈന്‍
(Manorama online/Gulf news/My creatives/Marubhoomikal)