Tuesday

ഭോഗങ്ങളെല്ലാം ക്ഷണപ്രഭാ ചഞ്ചലം

ആദികാവ്യം എന്ന പേരില്‍ വിശ്രുതമായ രാമായണം ആണ് ഭാഗ്യവശാല്‍ കുഞ്ഞായിരുന്നപ്പോള്‍ മുതല്‍ ആദ്യമായും ഏറ്റവും കൂടുതലായും ഞാന്‍ കേള്‍ക്കാനിടയായ കവിത. അപ്പൂപ്പനും അച്ഛനുമൊക്കെ വീട്ടിലും ക്ഷേത്രങ്ങളിലും രാമായണം വായിക്കുന്നതും രാമായണ കഥകള്‍ പറയുന്നതുമായിരുന്നു കുട്ടിക്കാലത്തെ ഏറ്റവും വലിയ കാവ്യാനുഭവം. നന്മ-തിന്മകളുടെയും തത്വചിന്തയുടെയും ന്യായാന്യായങ്ങളുടെയും പരിമളം പരത്തുന്ന ഒത്തിരിയൊത്തിരി കഥകള്‍..

ഇങ്ങനെയൊക്കെയാണെങ്കിലും രാമായണം ആരെങ്കിലും കേള്‍ക്കെ ഉറക്കെ വായിക്കാന്‍ ഭയവും നാണവുമായിരുന്നു..പക്ഷെ ഒരിക്കല്‍മാത്രം അതു ചെയ്യേണ്ടി വന്നു..ആറേഴു വര്‍ഷം മുമ്പ് ഒരു കര്‍ക്കിടകത്തില്‍ അച്ഛന് പെട്ടെന്ന് സുഖമില്ലാതെ വന്നപ്പോള്‍ പകരക്കാരനായി ഇടക്കൊച്ചി ശ്രീ പരമേശ്വര കുമാരമംഗലം ക്ഷേത്രത്തില്‍ കുറച്ചു ദിവസം രാമായണ പാരായണം നടത്തിയത് നെഞ്ചിടിപ്പോടു കൂടിയേ ഇന്നും ഓര്‍മ്മിക്കാന്‍ കഴിയു...


അപ്പൂപ്പനും അച്ഛനുമൊക്കെ ഓര്‍മയായി..വലിയ സങ്കടങ്ങള്‍ വരുമ്പോള്‍ രാമായണ ശ്ലോകങ്ങള്‍ വായിക്കുന്നത് ഒരാശ്വാസമാണ്..എഴുത്തച്ഛന്റെ എഴുത്തിന്റെ ശക്തിയാണ് അതിനുകാരണം എന്നു വിശ്വസിക്കുന്നു..അതുകൊണ്ടുതന്നെയാണ് നൂറ്റാണ്ടുകളും തലമുറകളും പിന്നിട്ട് കാലാതീതമായി ആദികാവ്യം നിലനില്‍ക്കുന്നത്.. പ്രത്യേകിച്ച് അതിലെ തത്വചിന്താപരമായ ഭാഗങ്ങള്‍.. അങ്ങനെ ചില സ്വകാര്യ ദുഖങ്ങള്‍ വല്ലാതെ അസ്വസ്ഥതയുണ്ടാക്കിയപ്പോള്‍ ചൊല്ലി പകര്‍ത്തിയതാണീ ദൃശ്യം..


ലക്ഷ്മണോപദേശം..നശ്വരമായ ഭൗതിക ജീവിതത്തിന്റെയും ബന്ധങ്ങളുടെയും അര്‍ത്ഥശൂന്യതയെപ്പറ്റി രാമന്‍ അനുജനായ ലക്ഷ്മണനോട് ഉപദേശരൂപേണ പറയുന്ന കാര്യങ്ങളാണ് പ്രതിപാദ്യം.


നിസ ..ഒരു കണ്ണീര്‍ ഓര്‍മ്മ

നിലാമഴ യി ലേക്ക് ....

"മിഴിനീർ കുടംനിറഞ്ഞ് പൊട്ടി
കുലംകുത്തിയപ്പോൾ
അവൾ പ്രതീക്ഷിച്ചിരുന്നില്ല
ആ പ്രവാഹത്തിൽ
താനും ഒലിച്ചുപോകുമെന്ന് "

Saturday

ഊഹക്കൃഷി

 ഊഹക്കൃഷി
-----------------------------
ഹരി വിപണി തകര്‍ന്ന
വാര്‍ത്തയ്ക്കിടയിലാണ്
ഓണം വരുന്നുവെന്ന്
ടീ വി യില്‍ പരസ്യം കണ്ടത് ..
ആധി പിടിച്ച അമ്മമാര്‍
ഇനി ഇരവു പകല്‍ ഇല്ലാതെ
ഇരക്കണം....!!
പൂക്കളും
പഴങ്ങളും
പച്ചക്കറിയും വരാന്‍
പാണ്ടി ലോറികള്‍
ചുരമിറങ്ങണം .
പൊന്നാര്യനും,കൊണ്ടലും
കടല്‍ കടന്നു ! 
ഉപ്പു പാടത്ത് മീനും
ചപ്പിലയും വിളയുന്നുണ്ട്‌.
വഴിയോരങ്ങള്‍ ഇനി
പരദേശികളും വണികരും ഭരിക്കട്ടെ
നമുക്ക് ഓഹരിപ്പാടങ്ങളില്‍
 ഊഹക്കൃഷി  നടത്താം ..
ഇടവേളകളില്‍  ടീ വിയിലെ
ഓണവും വിഷുവും  കണ്ട് 
ആര്‍പ്പോ.... ഇര്‍.. റോ.... വിളിക്കാം !!!
***
-------------------------------------------- 
ചിത്രം ഡിസൈനിംഗ് :ഞാന്‍ തന്നെ :) 

Thursday

നഗര രാമായണം

നഗരത്തില്‍
എല്ലാം 
എന്റേതാണ് 

എന്റെ വീട് എന്റെ ഭാര്യ
എന്റെ മകന്‍
എന്റെ ബീഡി  ,
എന്റെ തീപ്പെട്ടി

പുറത്തുണ്ണല്‍
അകത്തു പെടുക്കല്‍ ..
വില കൊടുത്താല്‍ വാങ്ങാം 
മുന്തിയ സമാധാനം ..

നഗരത്തില്‍ ഭൂമി കറങ്ങുന്നില്ല 
ഉദയാസ്തമനവുമില്ല 
എന്നും എപ്പോഴും 
പകലിന്റെ യൌവനം 
പെണ്ണുങ്ങള്‍ക്ക്‌
വൈരൂപ്യമില്ല  
അമ്മയ്ക്കും അമ്മൂമ്മയ്ക്കും
വയസാവില്ല ..

നഗരത്തില്‍ കുട്ടികളില്ല 
ഒക്കെ  മുതിര്‍ന്നവരാണ്
വായില്‍ ഒതുങ്ങാത്ത  വാക്കും  ,
വായ്‌ പൊത്തും പ്രവൃത്തിയും !
വീട്ടില്‍   വൃദ്ധരില്ല 
നഗരത്തില്‍ മരണവുമില്ല 
വിലപിക്കാന്‍ 
ആളില്ലാത്തവര്‍ക്ക് ഉറങ്ങാന്‍ 
 ഉണര്‍ന്നിരിക്കുന്നു   സദാ - 
സത്രവും ശ്മശാനവും !

*ടി ഡി എം ഹാളില്‍ 
നഗര വാസികള്‍ക്കായി 
രാമായണ പാരായണം .....

രാവേറെ ചൊല്ലിയിട്ടും 

കര്‍ക്കിടകമൊഴിയുന്നില്ല
*രാമായണവുമില്ല 
*രാ -മായുന്നുമില്ല 


*രാമായനം കാക്കും 
സീതമാര്‍ അലയുന്നു 
കാമാര്‍ത്തി ചൂഴും കണ്ണാല്‍
കൈകാട്ടി വിളിക്കുന്നു  
അഴുക്കു ചാലുകള്‍ 
നോവിന്‍ പൂകൊണ്ട് 
പൊതിയുന്നു
തെരുവില്‍ പൊഴിയുന്നു 
കണ്ണീരായ് അലിയുന്നു ..
നഗരം ചിരിക്കുന്നു
നഗരം കരയുന്നു ...
കടല്‍ പോല്‍ ഇരമ്പുന്നു 
കാലം പോല്‍ ഒഴുകുന്നു 


-------------------------------------------------------------------------------------------
*പദ സൂചിക 1)രാമായണം =രാവ് (രാത്രി )മായണം (ഇല്ലാതാകണം =വെളിച്ചം (അറിവ് )വരണം .
2 ) രാ (രാവ് ) = രാത്രി 
3 ) രാമായനം = രാമന്റെ അയനം =രാമന്റെ കൂടിച്ചേരല്‍ (ഉത്തമ മനുഷ്യനുമായുള്ള സംഗമം )
4 ) ടി .ഡി .എം ഹാള്‍ Pകൊച്ചി നഗരത്തിലെ സുപ്രധാന പരിപാടികള്‍ നടക്കുന്ന ഒരു സാംസ്കാരിക കേന്ദ്രം . 

Tuesday

കാടെവിടെ മക്കളെ?


രു കാട് ഒരുക്കി വച്ചിട്ട്
അവര്‍ എന്നെ വിളിച്ചു

ഞാന്‍ ചെന്ന് നോക്കുമ്പോള്‍
കാട് കാണാന്‍ 
കാഴ്ചകാണാന്‍ 
വലിയ ജനക്കൂട്ടം

മുന്‍പേ വന്നവര്‍
പറഞ്ഞു 
"നല്ല മരങ്ങള്‍ !!
നല്ല മരങ്ങള്‍ !!"

പിമ്പേ വന്നവരും പറഞ്ഞു
"നല്ല മരങ്ങള്‍ !!നല്ല മരങ്ങള്‍ !!"
ഞാനും ആഞ്ഞു പരിശ്രമിച്ചു നോക്കി
കാടുകാണാന്‍ !!
കണ്ടില്ല 
കാടില്ല !!
കണ്ടതോ.. 

ചില മരങ്ങള്‍ മാത്രം
വളഞ്ഞു പുളഞ്ഞ
വന്‍ മരങ്ങള്‍ മാത്രം ...
കാടെവിടെ മക്കളെ ?
Thursday

ഇനി

ഇനി
പ്പിനും ചുണ്ടിനുമിടയില്‍
വക്കുടഞ്ഞ ഒരു വാക്കില്‍
മുറിഞ്ഞകന്നതാണ്
ഹൃദയങ്ങള്‍ 

ചോരവാര്‍ന്നൊലിച്ച 
സ്നേഹം ശൂന്യതയില്‍
അലിഞ്ഞു പോയി 

വീണ്ടെടുപ്പിന്
പകരം വയ്ക്കാന്‍
വാക്കുകള്‍ക്കിനി
ബാല്യമില്ല !


ഇനി 
നമുക്കിടയിലെ
അഗാധമൌനം
കാലത്തിന്റെ  ഇരുളില്‍ കിടന്നു 
പരസ്പരം മിണ്ടാതെ
സ്വയം പ്രസരിക്കട്ടെ 


Tuesday

അകന്നുപോയവരോട് ....


ത്ര കഴുകി തുടച്ചിട്ടും
പിന്നെയും പറ്റിപ്പിടിച്ചിരിക്കുന്നു
ചില പാടുകള്‍ കൂട്ടില്‍ 

കിളി പറന്നകന്നിട്ടും
 മായാത്ത  
ഗന്ധം   പോലെ  !
പിരിയാന്‍ കൂട്ടാക്കാത്ത-
യോര്‍തന്‍  തൂവല്‍ പോലെ
പറിച്ചെറിഞ്ഞാലും വരും
ചിര ബന്ധനം പോലെ !  

അറിയാം നമുക്ക് നാം
പിരിയാന്‍ സന്ധിപ്പവര്‍  
ഇടയില്‍ കാണും മാത്ര
നേരത്തെയ്ക്കൊരു ബന്ധം !
ഇളവേല്‍ക്കാനൊരു തണല്‍ 
വെയില്‍ ചായും നേരം
ഒറ്റയ്ക്ക് പോകേണ്ടവര്‍

ആരാണെനിക്ക് നീ ?
ഓര്‍ക്കുകില്‍ ആരോ! എന്തോ !
ആരാകിലെന്താ നമ്മള്‍
അകലാന്‍ അടുത്തവര്‍ ..
മുന്നിലായ്  മറഞ്ഞോര്‍ക്ക് 
പിന്നാലെ  പോകേണ്ടവര്‍ 

ചിത്രം :അമേരിക്കന്‍ ചിത്രകാരനായ റോബര്‍ട്ട്  ഗില്‍മോറിന്റെ ബൈ ബൈ ബ്ലാക്ക് ബേര്‍ഡ്