Skip to main content

Posts

Showing posts from 2011

ഊഹക്കൃഷി

  ഊഹക്കൃഷി ----------------------------- ഓ ഹരി വിപണി തകര്‍ന്ന വാര്‍ത്തയ്ക്കിടയിലാണ് ഓണം വരുന്നുവെന്ന് ടീ വി യില്‍ പരസ്യം കണ്ടത് .. ആധി പിടിച്ച അമ്മമാര്‍ ഇനി ഇരവു പകല്‍ ഇല്ലാതെ ഇരക്കണം....!! പൂക്കളും പഴങ്ങളും പച്ചക്കറിയും വരാന്‍ പാണ്ടി ലോറികള്‍ ചുരമിറങ്ങണം . പൊന്നാര്യനും,കൊണ്ടലും കടല്‍ കടന്നു !  ഉപ്പു പാടത്ത് മീനും ചപ്പിലയും വിളയുന്നുണ്ട്‌. വഴിയോരങ്ങള്‍ ഇനി പരദേശികളും വണികരും ഭരിക്കട്ടെ നമുക്ക് ഓഹരിപ്പാടങ്ങളില്‍  ഊഹക്കൃഷി   നടത്താം .. ഇടവേളകളില്‍  ടീ വിയിലെ ഓണവും വിഷുവും  കണ്ട്  ആര്‍പ്പോ.... ഇര്‍.. റോ.... വിളിക്കാം !!! * * * --------------------------------------------  ചിത്രം ഡിസൈനിംഗ് :ഞാന്‍ തന്നെ :)  

നഗര രാമായണം

നഗരത്തില്‍ എല്ലാം  എന്റേതാണ്  എന്റെ വീട് എന്റെ ഭാര്യ എന്റെ മകന്‍ എന്റെ ബീഡി  , എന്റെ തീപ്പെട്ടി പുറത്തുണ്ണല്‍ അകത്തു പെടുക്കല്‍ .. വില കൊടുത്താല്‍ വാങ്ങാം  മുന്തിയ സമാധാനം .. നഗരത്തില്‍ ഭൂമി കറങ്ങുന്നില്ല  ഉദയാസ്തമനവുമില്ല  എന്നും എപ്പോഴും  പകലിന്റെ യൌവനം  പെണ്ണുങ്ങള്‍ക്ക്‌ വൈരൂപ്യമില്ല   അമ്മയ്ക്കും അമ്മൂമ്മയ്ക്കും വയസാവില്ല .. നഗരത്തില്‍ കുട്ടികളില്ല  ഒക്കെ  മുതിര്‍ന്നവരാണ് വായില്‍ ഒതുങ്ങാത്ത  വാക്കും  , വായ്‌ പൊത്തും പ്രവൃത്തിയും ! വീട്ടില്‍   വൃദ്ധരില്ല  നഗരത്തില്‍ മരണവുമില്ല  വിലപിക്കാന്‍  ആളില്ലാത്തവര്‍ക്ക് ഉറങ്ങാന്‍   ഉണര്‍ന്നിരിക്കുന്നു   സദാ -  സത്രവും ശ്മശാനവും ! * ടി ഡി എം ഹാളില്‍  നഗര വാസികള്‍ക്കായി  രാമായണ പാരായണം ..... രാവേറെ ചൊല്ലിയിട്ടും  കര്‍ക്കിടകമൊഴിയുന്നില്ല * രാമായണവുമില്ല  * രാ -മായുന്നുമില്ല  * രാമായനം കാക്കും  സീതമാര്‍ അലയുന്നു  കാമാര്‍ത്തി ചൂഴും കണ്ണാല്‍ കൈകാട്ടി വിളിക്കുന്നു   അഴുക്കു ചാലുകള്‍  നോവിന്‍ പൂകൊണ്ട്  പൊതിയുന്നു തെരുവില്‍ പൊഴിയുന്നു  കണ്ണീരായ് അലിയുന്നു .. നഗരം ചിരിക്കുന്നു നഗരം കരയുന്നു ... കടല്‍ പോല്‍ ഇരമ്പുന്നു  കാലം

കാടെവിടെ മക്കളെ?

ഒ രു കാട് ഒരുക്കി വച്ചിട്ട് അവര്‍ എന്നെ വിളിച്ചു ഞാന്‍ ചെന്ന് നോക്കുമ്പോള്‍ കാട് കാണാന്‍  കാഴ്ചകാണാന്‍  വലിയ ജനക്കൂട്ടം മുന്‍പേ വന്നവര്‍ പറഞ്ഞു  "നല്ല മരങ്ങള്‍ !! നല്ല മരങ്ങള്‍ !!" പിമ്പേ വന്നവരും പറഞ്ഞു "നല്ല മരങ്ങള്‍ !!നല്ല മരങ്ങള്‍ !!" ഞാനും ആഞ്ഞു പരിശ്രമിച്ചു നോക്കി കാടുകാണാന്‍ !! കണ്ടില്ല  കാടില്ല !! കണ്ടതോ..  ചില മരങ്ങള്‍ മാത്രം വളഞ്ഞു പുളഞ്ഞ വന്‍ മരങ്ങള്‍ മാത്രം ... കാടെവിടെ മക്കളെ ?

ഇനി

ഇനി ക പ്പിനും ചുണ്ടിനുമിടയില്‍ വക്കുടഞ്ഞ ഒരു വാക്കില്‍ മുറിഞ്ഞകന്നതാണ് ഹൃദയങ്ങള്‍  ചോരവാര്‍ന്നൊലിച്ച  സ്നേഹം ശൂന്യതയില്‍ അലിഞ്ഞു പോയി  വീണ്ടെടുപ്പിന് പകരം വയ്ക്കാന്‍ വാക്കുകള്‍ക്കിനി ബാല്യമില്ല ! ഇനി  നമുക്കിടയിലെ അഗാധമൌനം കാലത്തിന്റെ  ഇരുളില്‍ കിടന്നു  പരസ്പരം മിണ്ടാതെ സ്വയം പ്രസരിക്കട്ടെ 

അകന്നുപോയവരോട് ....

എ ത്ര കഴുകി തുടച്ചിട്ടും പിന്നെയും പറ്റിപ്പിടിച്ചിരിക്കുന്നു ചില പാടുകള്‍ കൂട്ടില്‍  കിളി പറന്നകന്നിട്ടും   മായാത്ത   ഗന്ധം   പോലെ  ! പിരിയാന്‍ കൂട്ടാക്കാത്ത- യോ ര്‍ മ തന്‍  തൂവല്‍ പോലെ പറിച്ചെറിഞ്ഞാലും വരും ചിര ബന്ധനം പോലെ !   അറിയാം നമുക്ക് നാം പിരിയാന്‍ സന്ധിപ്പവര്‍   ഇടയില്‍ കാണും മാത്ര നേരത്തെയ്ക്കൊരു ബന്ധം ! ഇളവേല്‍ക്കാനൊരു തണല്‍  വെയില്‍ ചായും നേരം ഒറ്റയ്ക്ക് പോകേണ്ടവര്‍ ആരാണെനിക്ക് നീ ? ഓര്‍ക്കുകില്‍ ആരോ! എന്തോ ! ആരാകിലെന്താ നമ്മള്‍ അകലാന്‍ അടുത്തവര്‍ .. മുന്നിലായ്  മറഞ്ഞോര്‍ക്ക്  പിന്നാലെ  പോകേണ്ടവര്‍  ചിത്രം :അമേരിക്കന്‍ ചിത്രകാരനായ റോബര്‍ട്ട്  ഗില്‍മോറിന്റെ ബൈ ബൈ ബ്ലാക്ക് ബേര്‍ഡ്

വന്‍കരകള്‍ ഉണ്ടായാല്‍ ....

ഞാനോര്‍ക്കാറുണ്ട്  വന്‍കരകളെല്ലാം ഒന്നായലിഞ്ഞു ചേര്‍ന്ന  ഒരൊറ്റ ഭൂ ഖണ്ഡമായിരുന്നു  നമ്മളെന്ന്  ! അനാദിയില്‍ ലോകവും  അങ്ങനെയായിരുന്നത്രേ ! എല്ലാ നദികളും  നമ്മളില്‍ നിന്നുല്ഭവിച്ച്  നമ്മളില്‍ തന്നെ  ഒഴുകി നിറഞ്ഞു ..  എല്ലാ ഋതുക്കളും  നമ്മളില്‍  പൂത്തുലഞ്ഞു  ! അത്രമേല്‍  ദൃഢ മായ്  പുണര്‍ന്നിട്ടും    പ്രണയം നുകര്‍ന്നിട്ടും പിന്നെങ്ങിനെ പ്രിയേ ? സ്വാര്‍ത്ഥം  സ്പര്‍ദ്ധയുടെ  വാള്‍മുനകള്‍ വീശി  മിന്നല്‍പ്പിണരായി  നമുക്കിടയില്‍ ആഴ്ന്നിറങ്ങിയത് ?  വിദൂരസ്ഥമാം  വന്‍ കരങ്ങളായി  നാമന്യോന്യമൊഴുകിയകന്നത്  ? നാമുണരുമ്പോള്‍ നമുക്കിടയില്‍  വന്‍ കടലുകള്‍  ആര്‍ത്തലച്ചിരുന്നു...!! കല്‍പ്പാന്ത കാലം  കലി  പൂണ്ടുണര്‍ന്നിരുന്നു   !! ഈ  പ്രളയ ജലത്തിന്  ഹൃദയ രക്തത്തിന്റെ   ചുവപ്പോ  ! വിരഹ ദുഖത്തിന്റെ  കടും കയ്പ്പോ    ! നോക്കൂ.. വന്‍ കരകള്‍ ഉണ്ടായപ്പോളാണ്  പ്രപഞ്ച പ്രണയം   കടലെടുത്തത് ..! നാം  നമ്മള്‍ക്കാരായിരുന്നു     എന്നറിയാതെ പോയത് !

സത്യവും സങ്കല്‍പ്പവും

'ഓരോ ദിനവും'  ഓര്‍മകളില്‍  കിളിര്‍ത്ത് വരുന്ന  ഒരു മുള്ളാണ്  കൂടെക്കൂടെ കുത്തി മുറിവേല്‍പ്പിക്കും  ചോരകിനിയും ..നോവ്‌ പടര്‍ത്തും  പാപവും പുണ്യവും  തമ്മിലുള്ള  മത്സരമത്രേ ജീവിതം  ഓട്ടപ്പന്തയത്തില്‍  ആദ്യമെത്തിയവരും  ഒടുവില്‍ വന്നവരും  ഒരു പോലെ കരയുന്നു ! ഒരേ ദുഃഖം ,ഒരേ പരാതി  ആരും ജയിച്ചില്ലെന്ന് ! "ശരി തെറ്റുകള്‍ ആപേക്ഷികമാണ് " ഉള്ളിലിരുന്ന് ആരോ പറയുന്നു !  മുറിവുകളും വേദനകളും മാത്രം എന്നിട്ടുമെന്തേ ബാക്കിയാവുന്നു  ? ഒരേ സമയം  ഒരാള്‍ക്ക്‌ ചിരി  മറ്റൊരാള്‍ക്ക് വേദന അപരന്നു വിശപ്പ്‌  ! ആരറിയുന്നു   അയഥാര്‍ത്ഥ ജീവിത  സങ്കല്പം ? വിദൂര വിസ്മൃത സത്യം !

ഉള്ളി; ഒരോര്‍മപ്പെടുത്തല്‍

ഉ ള്ളിയാണ് താരം  ഉള്ളു മുറിഞ്ഞ മനുഷ്യരല്ല ! വിലയേറുന്നത്  പാവം ജനത്തിനല്ല  വിലക്കയറ്റം കുതിര  കയറുന്നതവന്റെ  തുച്ചമാം ജീവിത- ച്ചുമലിലാണ് !   ഉളി പോലുള്ളില്‍ വീണു  മുറിഞ്ഞ മനസും  മുടിഞ്ഞ കുലവും ഒഴിഞ്ഞ കലവും  ഓരക്കാഴ്ചകള്‍ മാത്രം ! ഉള്ളുക്കള്ളികള്‍  ആര്‍ക്കറിയാം ! ബീഫു കറിയില്‍ ഉള്ളിയില്ലെന്നു ചൊല്ലി ക്കലപില  കൂട്ടേണ്ട ! ബീഫ് കറി യില്‍  ഉള്ളി ആഡംബരം  ഇനിയത് മറന്നേക്കൂ! പക്ഷെ വടക്കതല്ല സ്ഥിതി  ചുട്ട റൊട്ടിക്ക് ചേര്ക്കാ - നിത്തിരിയുള്ളിയില്ലെങ്കില്‍  പിന്നെ പട്ടിണി തന്നെ   പറഞ്ഞിട്ടിതെന്തിന്  !! ഉള്ളിക്കറിയില്ലല്ലോ കൂട്ടാന്‍  ഉള്ളിക്കറി ഇല്ലെന്നു ! ഉള്ളു മുറിഞ്ഞ  മനുഷ്യര്‍ക്കുമറിയില്ല ഉള്ളിക്കുള്ളിലെ  ഊരാക്കുടുക്കുകള്‍ ! പക്ഷെ ഒന്നോര്‍ക്കണം ; ഉള്ളി ഒരോര്‍മപ്പെടുത്തലാണ് ! ഉള്ളു പൊള്ളിക്കുന്ന ഓര്‍മപ്പെടുത്തല്‍ ! ***